ഫിഫ ലോകകപ്പിനിടെ സക്കീർ നായിക്കിനെ മതപ്രഭാഷണങ്ങൾ നടത്താൻ ക്ഷണിച്ച് ഖത്തർ; നടപടി വിവാദത്തിൽ

ദോഹ: ഫിഫ ലോകകപ്പിനിടെ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്കിനെ മതപ്രഭാഷണങ്ങൾ നടത്താൻ ഖത്തർ ഭരണകൂടം ക്ഷണിച്ച നടപടി വിവാദത്തിൽ. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് സക്കീർ നായിക്ക്.

ഏറെ നാളായി മലേഷ്യയിൽ കഴിയുകയായിരുന്ന സക്കീർ നായിക്ക് ഖത്തറിന്റെ അതിഥിയായാണ് ഇയാൾ ലോകകപ്പ് സമയത്ത് ദോഹയിൽ എത്തിയത്. മുൻ കായികതാരം മേജർ സുരേന്ദ്ര പൂനിയ ഉൾപ്പെടെയുള്ളവർ ഖത്തറിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അൽഖ്വയ്ദയുടെ പിന്തുണക്കാരനും തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തെരയപ്പെടുന്നവനുമായ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക് ഫിഫ ലോകകപ്പിലെ ഖത്തറിന്റെ ഔദ്യോഗിക അതിഥിയാണെന്നും ജിഹാദിനായി പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരു തീവ്രവാദ അനുഭാവിക്കായി ലോകത്തെ മികച്ച കായിക വേദി നിങ്ങൾക്ക് എങ്ങനെ അനുവദിക്കാനാകുമെന്നും മേജർ സുരേന്ദ്ര പൂനിയ ട്വിറ്ററിൽ കുറിച്ചു.

മറ്റ് നിരവധി പേരും ഖത്തറിനെതിരെ വിമർശനം ഉയർത്തുന്നുണ്ട്. ഖത്തറിന്റെ പൊതുമേഖലാ സ്പോർട്‌സ് നെറ്റ്‌വർക്കായ അൽകാസിലെ ഫൈസൽ അൽഹജ്രിയാണ് സക്കീർ നായിക് ഖത്തറിലേക്ക് എത്തുന്ന വിവരം അറിയിച്ചത്. സക്കീർ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാൾ സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിയമവിരുദ്ധ സംഘടനയായി മാർച്ചിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിരോധിച്ചത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.