കോടതിയലക്ഷ്യ കേസ്; നിരപാധികം ക്ഷമാപണം നടത്തി ബൈജു കൊട്ടാരക്കര

കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി ഹൈക്കോടതി. ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കിയത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമർശം. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങളെന്നും വ്യക്തമാക്കിയാണ് ബൈജു കൊട്ടാരക്കര കോടതിയിൽ ക്ഷമാപണം നടത്തിയത്.

വിവാദ പരാമർശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി രണ്ടു തവണ ബൈജു കൊട്ടാരക്കരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ബൈജു കൊട്ടാരക്കര കോടതിയിൽ ഹാജരായി മാപ്പപേക്ഷിച്ചത്.