വൈകിട്ട് 6 മണി മുതലുള്ള വൈദ്യുതി ഉപയോഗം; 20 ശതമാനം വരെ അധിക നിരക്ക് ഈടാക്കാനൊരുങ്ങി കെഎസ്ഇബി; കൂടുതല്‍ പേര്‍ക്ക് ബാധകം

തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിന് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് രീതി ഗാര്‍ഹികോപഭോക്താക്കളില്‍ കൂടുതല്‍പേര്‍ക്ക് ബാധകമാക്കാനൊരുങ്ങി കെഎസ്ഇബി. മാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും മാത്രമാണ് നിലവില്‍ പ്രസ്തുത രീതി നടപ്പാക്കിയത്. എന്നാല്‍, 500 യൂണിറ്റില്‍ത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകള്‍ക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. ഇത് നടപ്പായാല്‍ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതല്‍ നിരക്ക് ഈടാക്കും.

അതേസമയം, റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരും. ദിവസത്തെ നോര്‍മല്‍, പീക്, ഓഫ് പീക് എന്നിങ്ങനെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ഈ രീതിയില്‍ നിരക്ക് കണക്കാക്കുന്നത്. എന്നാല്‍, ഇത് കണക്കാക്കാന്‍ പ്രത്യേക മീറ്റര്‍ സ്ഥാപിക്കേണ്ടതില്ല. വീടുകളിലെ ഭൂരിഭാഗം മീറ്ററുകളിലും ഇതിനുള്ള സൗകര്യമുണ്ട്.

കേരളത്തില്‍ 1.3 കോടി വൈദ്യുതി ഉപഭോക്താക്കളില്‍ 98 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് നിലവിലുള്ളത്. ബള്‍ബുകളുടെയും ഫാനിന്റെയും എണ്ണം കുറച്ചും കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്ന ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ഉപയോഗം രാത്രി പത്തിനുശേഷമാക്കിയും വേണം അമിത ബില്ല് തടയാന്‍. എന്നാല്‍, ഇനി നിരക്ക് കൂടില്ലെന്നും ജനത്തെ പിഴിയാത്തവിധമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ വിശദീകരിച്ചിരുന്നു.