ബജറ്റ്; നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി ചർച്ച നടത്തും

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബഡ്ജറ്റിൽ അവതരിപ്പിക്കേണ്ട നിർദ്ദേശങ്ങൾക്കായി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ധനമന്ത്രി നിർമലാ സീതാരാമൻ ചർച്ച നടത്തും.

പ്രീ-ബഡ്ജറ്റ് മീറ്റിംഗ് വെർച്വൽ സംവിധാനത്തിലായിരിക്കും നടക്കുന്നത്. ആദ്യ ദിനത്തിൽ വ്യവസായ പ്രമുഖർ, കാലാവസ്ഥ വ്യതിയാനം, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിദഗ്ധർ എന്നിവരുമായാണ് ധനമന്ത്രി ചർച്ച നടത്തുക. നവംബർ 22-ന് കൃഷി, കാർഷിക-സംസ്‌കരണ വ്യവസായം, സാമ്പത്തിക മേഖല, മൂലധന വിപണിയിലെ പ്രതിനിധികൾ എന്നിവരുമായും മന്ത്രി ചർച്ച നടത്തും.

ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം എന്നിവയുൾപ്പെടെ സാമൂഹിക മേഖലയിലെ വിദഗ്ധരെയും വ്യാപാര സ്ഥാപനങ്ങളിലെയും പ്രതിനിധികളുമായും കൂടിയാലോചന നടത്തും. ട്രേഡ് യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ച നവംബർ 28 നാണ്.