അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ വീഴ്ച മൂലം; വി മുരളീധരൻ

തിരുവനന്തപുരം: അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർവകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ക്രമക്കേടുകളും പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോൺഗ്രസിന്റെ വീഴ്ചയെന്നു തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണെന്നും അദ്ദേഹം പരിഹസിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാജ്ഭവന് മുന്നിലെ എൽഡിഎഫ് സമരത്തെ ജനങ്ങൾ തമാശ ആയിട്ടാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേർന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകർത്തത്. അവർ ഒന്നിച്ച് ആലോചിച്ചാണ് 9 വിസിമാരെയും യുജിസി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്ഭവനിലേക്കുള്ള സമരം ഉന്നത വിദ്യാഭ്യാസരംഗം തകർത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു കൈകഴുകാൻ നടത്തിയ നാടകമാണ്. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉൾപ്പെടെ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇതു സംഘടിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.