കോഴിക്കോട്: ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങൾക്ക് ബാഹ്യ നിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ സുവർണ്ണ ജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിൽ എത്തുന്നതും മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ ഇല്ലാതെ ജനാധിപത്യം ഇല്ല. ചില വിമർശനങ്ങൾ ഉയരുമ്പോഴും നമ്മുടെ മാധ്യമങ്ങൾ ആ ചുമതല മെച്ചപ്പെട്ട രീതിയിൽ നിർവ്വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇല്ലാത്ത സമൂഹം സങ്കൽപിക്കാനാവില്ല. മഹാപ്രളയകാലത്ത് മാധ്യമങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഇന്ത്യൻ മാധ്യമങ്ങൾ ലോകമാധ്യമങ്ങളിൽ മികച്ചതാണ്. അവർ എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്ന് വ്യക്തമല്ല. മികച്ച മാധ്യമ പ്രവർത്തകർ രാജ്യത്തിന് മുതൽകൂട്ടായുണ്ട്. അവർ കർത്തവ്യം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാനുസൃതമായി മാത്രമേ ന്യായാധിപർക്ക് പ്രവർത്തിക്കാനാവൂ. നിയമം ഭരണഘടനാനുസൃതമാണ്. അതിന് കീഴിലാണ് എല്ലാവരും. അതറിഞ്ഞ് നീതി നടപ്പാക്കുകയാണ് ന്യായാധിപന്റെ കർമ്മം. ചില സമയങ്ങളിൽ നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാനാവില്ല ന്യായാധിപന്റെ ഇടപെലുകളും അനിവാര്യമാണ്. ന്യായാധിപരുടെ വിധികൾ ജനങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് സമൂഹത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. അതിനാൽ കോടതി വിധികൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

