കൊച്ചിയിലെ കൂട്ട ബലാത്സംഗ കേസ്: ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കൊച്ചിയില്‍ പത്തൊന്‍പതുകാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസില്‍ എറണാകുളം എം.ജി റോഡിലെ അറ്റ്‌ലാന്റിസ് ജംഗ്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പൊലീസിനു പുറമേ എക്‌സൈസും അന്വേഷണം തുടങ്ങി. ബാറിന്‌റെ ഉദ്ഘാടനത്തിന് മദ്യം വിളമ്പാന്‍ യുവതികളെ നിര്‍ത്തിയത് അടക്കം 6 കേസുകളാണ് ഒരു വര്‍ഷത്തിനിടെ ഹോട്ടലിനെതിരായി റജിസ്റ്റര്‍ ചെയ്തത്.

കുടിക്കാന്‍ നല്‍കിയ ബിയറില്‍ പ്രതികള്‍ എന്തോ പൊടി കലര്‍ത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളര്‍ന്നതായും അതിജീവിത നേരത്തെ മൊഴി നല്‍കിയിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, വിശദ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബിലേക്കയച്ചിട്ടുണ്ട്.

അതേസമയം, പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം എക്‌സൈസ് വകുപ്പും ബാറില്‍ പരിശോധന നടത്തി. 23 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്നാണ് നിയമം. പൊലീസിന്റെ രേഖകള്‍ പ്രകാരം യുവതിക്ക് 19 വയസ്സാണു പ്രായം. എന്നാല്‍, യുവതി ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്സ് ഇരുപത്തിയഞ്ചാണ്. പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. ബാറിലെ സിസിടിവികള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും നിലവില്‍ കണ്ടെത്താനായില്ല.