കോഴിക്കോട്: മുൻ നിശ്ചയിച്ച പരിപാടികളിൽ നിന്നും ഡിസിസിയും യൂത്ത് കോൺഗ്രസും പിൻമാറിയെങ്കിലും തളരാതെ ശശി തരൂർ. നാല് ദിവസത്തെ മലബാർ പര്യടനം തരൂർ ആരംഭിച്ചു. രാവിലെ കോഴിക്കോട്ട് എംടി വാസുദേവൻ നായരെ സന്ദർശിച്ചാണ് അദ്ദേഹം മലബാർ പര്യടനത്തിന് തുടക്കം കുറിച്ചത്. എല്ലാം സ്‌പോർട്‌സ്മാൻ സ്പിരറ്റോടെ കാണുന്നുവെന്നായിരുന്നു വിവാദങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി.
രാഷ്ട്രീയത്തിലും അതുണ്ട്. ചുവപ്പ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ല, എല്ലാ കളികളിലും സെന്റർ ഫോർവേഡായാണ് കളിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ആരെക്കെയാണ് വേണ്ടെതെന്ന് നേതൃത്വം തീരുമാനിച്ചു കാണുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചെറുപ്പകാലം മുതലേ എംടി വാസുദേവൻ നായരെ അറിയാം. അദ്ദേഹവുമായി കുടംബബന്ധമുണ്ട്. അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ വിട്ട് കേരളത്തിലെത്തിയ ശേഷം ആദ്യ പൊതുപരിപാടി അദ്ദേഹം സംഘടിപ്പിച്ചതായിരുന്നു. തിരക്കു മൂലം ഏറെ നാളായി അദ്ദേഹത്ത കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ സന്ദർശനത്തിന് ഔദ്യോഗിക പരിവേഷമില്ല. തികച്ചും വ്യക്തിപരമായ സന്ദർശനം മാത്രമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

