കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ് കേരളത്തില്‍; പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയില്‍ കൊണ്ടെത്തിച്ചു: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

‘കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കൂട്ടബലാത്സംഗമെന്ന ക്രൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് തലയണയ്ക്കടിയില്‍ വാക്കത്തി വച്ച് ഉറങ്ങേണ്ടി വരില്ലെന്ന് പറഞ്ഞാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നിട്ട് ഇന്ന് കേരളത്തില്‍ സര്‍വമേഖലകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ്. സാക്ഷര കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. വാക്കത്തിക്കു പകരം എന്ത് വച്ചാലും തലപോകുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയില്‍ കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല താറുമാറാക്കി. സര്‍ക്കാര്‍ ജോലി സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതംവച്ച് നല്‍കുന്നു. നിയമ സംരക്ഷകരാകേണ്ട പൊലീസിനെ രാഷ്ട്രീയവത്കരിച്ചു.പാര്‍ട്ടി ഓഫീസില്‍ നിന്ന് വിളിച്ചുപറയുന്ന കാര്യങ്ങള്‍ മാത്രമാണവര്‍ ചെയ്യുന്നത്. വിജിലന്‍സും ക്രൈംബ്രാഞ്ചും നോക്കുകുത്തികളായി മാറി. ഒരുകാലത്ത് സര്‍ക്കാരിന്റെ എല്ലാ കൊള്ളകള്‍ക്കും കൂട്ടുനിന്ന ഗവര്‍ണര്‍ പുണ്യാളന്റെ റോളിലാണിപ്പോള്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും ഗവര്‍ണറും ലക്ഷങ്ങളും കോടികളും മുടക്കി തമ്മില്‍ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. ദിനംപ്രതിയുള്ള കൂറ്റകൃത്യങ്ങള്‍ കാരണം കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.