ന്യൂഡൽഹി: രാജ്ഭവനിലെ നിയമനങ്ങളിൽ താൻ ഇടപെടാറില്ലെന്ന് വ്യക്തമാക്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഇപ്പോഴും മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണുള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല നൽകിയ നിവേദനത്തെ കുറിച്ചു അദ്ദേഹം പ്രതികരിച്ചു. നിവേദനം കണ്ടിട്ടില്ല. നാട്ടിൽ ചെന്ന ശേഷം പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം സർവ്വീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. നടക്കുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും യുവാക്കൾ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കാണ്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചോദിക്കുന്നു.
25-ഓളം പേരെ ഓരോ മന്ത്രിമാരും പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ലെന്നും എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

