തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതാണോ സർക്കാർ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്ന് അദ്ദേഹം ചോദിക്കുന്നു.
കൊച്ചി കൂട്ടബലാത്സംഗത്തിൽ പോലീസിനും വീഴ്ച സംഭവിച്ചു. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെൺകുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെൺകുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോൾ മാത്രമാണ് പോലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പോലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും അദ്ദേഹം വിമർശിച്ചു.
രാത്രിയിലുൾപ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തിൽ മുക്കാൽ മണിക്കൂറോളം ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ അടിക്കടി ആവർത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പോലീസിനും എങ്ങനെയാണ് നിഷ്ക്രിയമാകാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആഭ്യന്തരവകുപ്പിനും പോലീസിനും കൈ കഴുകാൻ കഴിയില്ല. എകെജി സെന്ററിലെ അടിമപ്പണിയും ലഹരി- ഗുണ്ടാ മാഫിയകൾക്ക് വിടുപണി ചെയ്യലും സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തലും മാത്രമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി.
സിപിഎം നേതാക്കളുടെ ഏറാൻമൂളികളായി പോലീസ് സേന മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. നമ്മുടെ മക്കൾക്ക് നിർഭയരായി റോഡിൽ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

