ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ആധികാരികത ഉറപ്പിക്കുന്ന ക്യുആര്‍ കോഡ് മരുന്നു ബ്രാന്‍ഡുകളില്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമായി. അടുത്തവര്‍ഷം ഓഗസ്റ്റ് 1 മുതല്‍ ഇതു നടപ്പാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ ലഭ്യമാകുന്ന 300 മരുന്നു ബ്രാന്‍ഡുകളില്‍ ക്യുആര്‍ കോഡ് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, അടിയന്തരമായി ക്യുആര്‍ കോഡ് ഉറപ്പാക്കേണ്ട മരുന്നുകളുടെ ചുരുക്കപ്പട്ടിക ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ 18 മാസം സാവകാശം മരുന്നു കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു. നീക്കത്തിനായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയിരുന്നു.
ഓരോ പ്രോഡക്ടിന്റെയും സവിശേഷ തിരിച്ചറിയല്‍ നമ്ബര്‍, മരുന്ന് ഉള്ളടക്കത്തിന്റെ ശരിയായ ശാസ്ത്രീയ പേര്, ബ്രാന്‍ഡ് പേര്, ഉല്പാദകനെ സംബന്ധിച്ച വിലാസം, ബാച്ച് നമ്ബര്‍, ഉല്പാദന തീയതി, കാലാവധി തീരുന്നത് എപ്പോള്‍, ഉല്പാദന ലൈസന്‍സ് നമ്ബര്‍ എന്നിവയാണ് ക്യുആര്‍ കോഡിന്റെ ഉള്ളടക്കത്തില്‍ വരിക.

