ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ഭക്തര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ടയിലെ ളാഹയില്‍ വച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി. ഭക്തര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

അതേസമയം, അപകടത്തെ തുടര്‍ന്ന് ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടുമെന്നും അധികൃതര്‍ പറഞ്ഞു. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവന്‍ പ്ലാപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.

ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളായ 44 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. 10 പേരോളം വാഹനത്തില്‍ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.