രാഹുലിന്റെ സവർക്കർ പരാമർശം; മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിന്മാറാൻ ഉദ്ധവിന്റെ ശിവസേന പക്ഷം

നാസിക്: സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ എതിർപ്പുമായി ഉദ്ധവ് താക്കറെ പക്ഷം. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് ഉദ്ധവിന്റെ ശിവസേന പക്ഷം പിന്മാറിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. വിഷയത്തിൽ ഉദ്ധവ് പ്രസ്താവന നടത്തുമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് വ്യക്തമാക്കി.

അതേസമയം, സവർക്കർ വിഷയം തങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഈ വിഷയം ഉന്നയിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ പോലീസിൽ പരാതി നൽകിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സമാന പരാമർശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്നും സവർക്കറുടെ കൊച്ചുമകൻ ആവശ്യപ്പെട്ടിരുന്നു.