ഉപ്പ് അമിതമായാൽ പ്രശ്നമാണേ…

ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞാൽ രുചി തന്നെ നഷ്ടമാകും. എന്നാൽ ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് തീരെ നല്ലതല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദമുള്ളവരാണെങ്കിൽ ഉപ്പ് പരിമിതമായ അളവിലേ ഉപയോഗിക്കാവൂ. ഉപ്പ് അളവിലും അധികം ഉപയോഗിക്കുന്നത് മറ്റൊരു പ്രശ്‌നത്തിനും കൂടി കാരണമാകുമെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. കാർഡിയോവാസ്‌കുലാർ റിസർച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഉപ്പ് അധികമാകുമ്പോൾ സ്‌ട്രെസിന് കാരണമാകുന്ന ഹോർമോൺ 75 ശതമാനമെങ്കിലും കൂടുതൽ കാണുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു. എലികളെ വച്ചായിരുന്നു ഗവേഷകർ പഠനം നടത്തിയത്. ഉയർന്ന അളവിൽ ഉപ്പ് നൽകി ഇവയിൽ വരുന്ന മാറ്റങ്ങൾ ഗവേഷകർ പഠിച്ചു. സ്‌ട്രെസ് ഹോർമോൺ കൂടുന്നു എന്നതിന് പുറമെ, പാരിസ്ഥിതികമായ സ്‌ട്രെസുകളോട് ഹോർമോണുകൾക്കുള്ള പ്രതികരണം കൂട്ടാനും അതുപോലെ തന്നെ സ്‌ട്രെസിനോട് ശരീരത്തിനുള്ള പ്രതികരണം നിയന്ത്രിക്കുന്ന പ്രോട്ടീൻ ഉത്പാദനം കൂട്ടാനുമെല്ലാം ഉപ്പിന്റെ അമിത ഉപയോഗം ഇടയാക്കുമെന്ന് പഠനത്തിൽ പറയുന്നു.

ഒരാൾ ആറ് ഗ്രാമിൽ കുറവ് ഉപ്പേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മിക്കവരും ദിവസത്തിൽ 9 ഗ്രാം ഉപ്പെങ്കിലും ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഉപ്പ് ഉപയോഗം എപ്പോഴും കൂടുന്നത് സ്‌ട്രെസ് അഥവാ മാനസികസമ്മർദ്ദങ്ങൾക്ക് ഇടയാക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.