സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി ശശി തരൂർ; അഭ്യൂഹങ്ങൾ ശക്തമാകുന്നു

ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി ശശി തരൂർ. ഇതിനായുള്ള നീക്കങ്ങൾ ശശി തരൂർ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച മുതൽ നാല് ദിവസം നീളുന്ന തരൂരിന്റെ മലബാർ പര്യടനം കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാനുള്ള ശശി തരൂരിന്റെ പാണക്കാട് സന്ദർശനം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികൾ തുടങ്ങിയവയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. എഐസിസിയും കെപിസിസിയും അറിയാതെയാണ് തരൂരിന്റെ യാത്ര.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ എംപിയാണ് പരിപാടികയ്ക്ക് നേതൃത്വം വഹിക്കുന്നത്. കെ മുരളീധരനടക്കം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ലീഗും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.