രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി; ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്

ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിന് നേരെയും വധഭീഷണി സന്ദേശം ഉയർന്നിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിക്കത്താണ് ലഭിച്ചിട്ടുള്ളത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ചും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്നും കത്തിൽ പറയുന്നു. ഇൻഡോറിലെ ഒരു പലഹാരക്കടയിലാണ് തപാൽമാർഗം കത്ത് വന്നത്. ഈ കത്ത് കടയുടമ പൊലീസിന് കൈമാറിയിട്ടുണ്ട്.

രാജ്യത്തിനായി ജീവൻ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനു കൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കോൺഗ്രസ് സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ കെ മിശ്ര പറഞ്ഞു.