തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം സർവ്വീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടക്കുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും യുവാക്കൾ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കാണ്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചോദിക്കുന്നു.
25-ഓളം പേരെ ഓരോ മന്ത്രിമാരും പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ലെന്നും എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

