ഈ ആഴ്ചയിലെ റിലീസുകള്‍

മൂന്നു പുതിയ മലയാള ചിത്രങ്ങള്‍ കൂടി റിലീസായിരിക്കുകയാണ്. ഒന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും രണ്ടെണ്ണം തിയേറ്റര്‍ റിലീസുമായാണ് എത്തിയത്.

വണ്ടര്‍ വുമണ്‍

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് റിലീസിനെത്തി. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു കൂട്ടം ഗര്‍ഭിണികളുടെ സൗഹൃദവും ഗര്‍ഭകാലത്തെ പ്രശ്‌നങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഇത്. ഗായികയായ സയനോര ആദ്യമായി അഭിനയിക്കുന്നുവെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എക്‌സിക്യൂറ്റീവ് പ്രൊഡ്യൂസര്‍ അഞ്ജലി മേനോന്‍ തന്നെയാണ്.

1744 വൈറ്റ് ആള്‍ട്ടോ

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ രണ്ടാമത്തെ ചിത്രം ‘1744 വൈറ്റ് ആള്‍ട്ടോ’ തിയേറ്ററുകളിലെത്തി. ഷറഫുദ്ദീന്‍, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

അദൃശ്യം

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘അദൃശ്യം’ തിയേറ്ററുകളിലെത്തി. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന അഭിനേതാക്കള്‍.