തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്പിമാരെ സ്ഥലംമാറ്റി. എറണാകുളം റേഞ്ച് എസ്പി ജെ ഹിമേന്ദ്രനാഥ്, ഭീകരവിരുദ്ധ സേന എസ്പി ചൈത്രാ തെരേസ ജോണ്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ, തിരുവനന്തപുരം ഡിസിപി അജിത് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
എറണാകുളം റേഞ്ച് എസ്പി ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഭീകരവിരുദ്ധ സേന എസ്പിയായും നിയമിച്ചു. ചൈത്രാ തെരേസ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. കേരളാ പോലീസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോയുടെ നിയമനം. പുതിയ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെയും നിയമിച്ചു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ ഇ ബൈജുവിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. പുതിയ യൂണിറ്റ് മേധാവിയായി റെജി ജേക്കബിനെ നിയമിച്ചു. പോലീസ് ബറ്റാലിയന്‍ രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോക് തൃശൂര്‍ ജില്ലാ പോലീസ് കമ്മീഷണറാകും. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി രവി കെ ബിയെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ എസ്പിയായി നിയമിച്ചു. കോഴിക്കോട് റേഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി എം എല്‍ സുനിലാണ് പുതിയ കൊല്ലം റൂറല്‍ എസ്പി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി രാജീവ് പി ബി വനിതാ കമ്മീഷന്‍ ഡയറക്ടറാകും.

