കാനയില്‍ വീണ് കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നു? അപകടം ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി

കൊച്ചി: പനമ്പിള്ളി നഗറിലെ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ ഓടകള്‍ തുറന്നിടുന്നത് ശരിയാണോ എന്ന് കോടതി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ചോദിച്ചു.

പൊതു നിരത്തുകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതല്ല, അത് കുട്ടികള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നു? എത്രയും വേഗം നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതിനാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ക്ഷമചോദിച്ച കോര്‍പ്പറേഷന്‍ സെക്രട്ടറി രണ്ടാഴ്ച്ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്നും ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, ഇന്നലെ രാത്രി ഏഴ് മണിയോടെ മെട്രോയില്‍ നിന്നിറങ്ങി മാതാവിനൊപ്പം നടന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടിക്കാണ് അപകടെ പറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായത്.