ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹന നിർമാതാക്കളിൽ ഒന്നാകാൻ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്;

സ്വകാര്യ സ്പേസ് കമ്പനിയുടെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സ്‌കൈറൂട്ട് എയ്റോസ്പേസ്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹന നിർമാതാക്കളിൽ ഒന്നാകാൻ സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന് കഴിഞ്ഞു. 2018 ൽ സ്റ്റാർട്ടപ്പ് കമ്പനിയായാണ് സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശാസ്ത്രജ്ഞൻമാരായ പവൻ കുമാർ ചന്ദനയും നാഗ ഭാരത് ഡാക്കയും ഇസ്രോയിലെ ജോലി രാജിവച്ചാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങിയത്.

നവംബർ 18 വെള്ളിയാഴ്ച 11.30 നാണ് സ്‌കൈറൂട്ട് സ്വന്തമായി നിർമിച്ച ആദ്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചത്. പ്രാരംഭം എന്നാണ് ഈ പ്രഥമ ആകാശദൗത്യത്തെ സ്‌കൈറൂട്ട് ഇതിനെ വിശേഷിപ്പിച്ചത്. മൂന്നു പേലോഡുകൾ ലക്ഷ്യത്തിലെത്തിക്കുക എന്നതായിരുന്നു വിക്രം-എസിന്റെ പ്രാരംഭ ദൗത്യം. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സ്‌കൈറൂട്ടിന് സാധിച്ചു. ബഹിരാകാശ മേഖലയിലേക്ക് കടക്കാൻ ഇസ്രോയുമായി ധാരണാപത്രം ഒപ്പുവച്ച ആദ്യ സ്റ്റാർട്ടപ് കമ്പനി കൂടിയാണ് സ്‌കൈറൂട്ട്.

താരതമ്യേന കുറഞ്ഞ ചെലവിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇത്. ആശ്രയിക്കാവുന്ന രീതിയിൽ, സ്ഥിരമായി, ചെലവു കുറച്ച് ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾക്കായി പ്രവർത്തിക്കുക എന്നതാണ് സ്‌കൈറൂട്ടിന്റെ ലക്ഷ്യം.