ആഗോള തലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ഈ സഖ്യം കരുത്ത് തെളിയിക്കുന്നത് തുടരുകയാണ്; ജോ ബൈഡൻ

വാഷിംഗ്ടൺ:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ട്വിറ്ററിൽ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോനേഷ്യൻ പ്രധാനമന്ത്രി ജോക്കോ വിഡോഡോയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ആഗോള തലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ഈ സഖ്യം കരുത്ത് തെളിയിക്കുന്നത് തുടരുകയാണെന്നും ബൈഡൻ ട്വീറ്റ് ചെയ്തു. ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ബൈഡൻ ഇരുവരുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ആഗോള സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിൽ ജി 20 യോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി താൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയും ഇന്തോനേഷ്യൻ പ്രസിഡന്റ് വിഡോഡോയെയും കണ്ടു. ലോകം പല തരത്തിലുള്ള വെല്ലുവിളികളെയും അഭിമുഖീകരിക്കുന്ന ഈ സമയത്ത് തങ്ങളുടെ സഖ്യം കരുത്തോടെ മുന്നോട്ടു പോകുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ഇന്തോനേഷ്യയുടെ ജി 20 ആതിഥേയത്തെ ബൈഡൻ അഭിനന്ദിച്ചുവെന്നും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 യുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകാൻ ആഗ്രഹിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുടെ അധ്യക്ഷതക്കു കീഴിലുള്ള ജി 20 യുടെ പ്രവർത്തനങ്ങളെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ബൈഡന്റെ ആഗ്രഹമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.