തിരുവനന്തപുരം: കുടുംബശ്രീ വഴി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സി.പി.എം നടത്തിയത് മുന്നൂറിലധികം അനധികൃത നിയമനങ്ങളെന്ന് റിപ്പോര്‍ട്ട്. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ കേരളശ്രീയെന്ന യൂണിറ്റ് രൂപീകരിച്ചാണ് താത്കാലിക നിയമനങ്ങളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നത്. സി.പി.എം അനുഭാവികളായ പുരുഷന്മാരെയാണ് കുടുംബശ്രീയുടെ പേരില്‍ നഗരസഭ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ നിയമിച്ചത്.
അതേസമയം, സ്വീപ്പര്‍, ക്ലീനര്‍ തുടങ്ങിയ തസ്തികകളിലേക്ക് മാത്രമാണ് കുടുംബശ്രീ വഴി നിയമനങ്ങള്‍ നടത്താവുന്നത്. എന്നാല്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ തുടങ്ങി ബയോ മെഡിക്കല്‍ എന്‍ജിനീയറെ വരെ കുടുംബശ്രീ വഴി നിയമിച്ചു. സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ അഭിമുഖം പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനം നല്‍കിയത്.
അനധികൃതമായി നടത്തിയ നിയമനങ്ങള്‍
റിസപ്ഷനിസ്റ്റ് 55
പേഷ്യന്റ് അസിസ്റ്റന്റ്‌സ് 29
ക്ലീനിംഗ് സ്റ്റാഫ് 120
ലാബ് ടെക്നീഷ്യന്‍ 9
എന്‍ജിനീയറിംഗ് ഡിവിഷന്‍ 9
നഴ്സിംഗ് അസിസ്റ്റന്റ് 13
പേഷ്യന്റ് ഗെയ്ഡ് 2
ഫാര്‍മസിസ്റ്റ് 9
ആര്‍.സി.സിയിലെ താത്കാലിക നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കണം. ഇതുവരെ നടന്ന നിയമന അഴിമതിയില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ പറഞ്ഞു.

