വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ; നടപടി യുഎസിന്റെ താക്കീത് അവഗണിച്ച്

സോൾ: യുഎസിന്റെ താക്കീത് അവഗണിച്ച് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. കിഴക്കൻ തീരത്തെ വോൻസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10.48നാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപിച്ചത്. കൊറിയൻ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്രത്തിലാണ് ഈ മിസൈൽ പതിച്ചത്.

ആണവ മിസൈൽ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. എട്ടു ദിവസത്തിനിടെ ഉത്തരകൊറിയ നടത്തിയ രണ്ടാം മിസൈൽ പരീക്ഷണമാണിത്.

യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചു. നേരത്തെ കംബോഡിയയിൽ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയിൽ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവായുധ പിന്തുണ ഉൾപ്പെടെ എല്ലാ സഹായവും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം നടപടികളിൽ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ഇതിനെതിരെ നൽകിയിരുന്ന മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണമെന്നതാണ് ശ്രദ്ധേയം.