വാഷിങ്ടണ്‍: ട്വിറ്റര്‍ പ്രൊഫൈലുകള്‍ വെരിഫൈ ചെയ്യാനുള്ള ബ്‌ളൂ ടിക്കിന് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം തിരിച്ചടിയാകുന്നു. വ്യാജ പ്രൊഫൈലുകള്‍ വര്‍ധിക്കുകയാണ് ഇപ്പോള്‍. ഇലോണ്‍ മസ്‌കിന്റെയും അദ്ദേഹത്തിന്റെ കീഴിലുള്ള ടെസ്‌ളയുടെയും പേരില്‍ വരെ ബ്‌ളൂ ടിക്കുള്ള വ്യാജ പ്രൊഫൈലുകള്‍ വന്നുകഴിഞ്ഞു. യേശു ക്രിസ്തുവിന്റെ ‘വെരിഫൈഡ്’ പ്രൊഫൈലാണ് മറ്റൊരു കൗതുകം.
മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്‌ള്യു. ബുഷ്, ഡോണള്‍ഡ് ട്രംപ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്‌ളെയര്‍ തുടങ്ങിയവരുടെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ വന്നിട്ടുണ്ട്. പ്രതിമാസം എട്ടു ഡോളറാണ് ബ്‌ളൂ ടിക്കിന് ഈടാക്കുന്നത്. വ്യാജന്‍മാരും വ്യാപകമായി പണമടച്ചു തുടങ്ങിയതോടെ, പെയ്ഡ് ബ്‌ളൂ ടിക്കിനു പുറമേ ഒരു ഗ്രേ ടിക്കും ഒഫീഷ്യല്‍ എന്ന എഴുത്തും കൂടി ട്വിറ്റര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഈ പോസ്റ്റിനു ഗ്രേ ടിക്ക് ഇല്ലാത്തതിനാല്‍ ഇതും വ്യാജനല്ലെന്ന് എങ്ങനെയറിയും എന്നതായിരുന്നു ഇതു സംബന്ധിച്ച ട്വീറ്റിനോടുള്ള പ്രതികരണം.
ഇതോടെ പരിഷ്‌കാരങ്ങളെല്ലാം ട്വിറ്റര്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ബ്‌ളൂ ടിക്കിനു പണം നല്‍കിയ ശേഷം കിട്ടാതെ വരുന്നവര്‍ നിയമ നടപടി സ്വീകരിച്ചാല്‍ ട്വിറ്റര്‍ വീണ്ടും കുരുക്കിലാകും.

