ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത നിരക്ക്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത നിരക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് തീർത്ഥാടനകാലത്താണ്. വൃശ്ചികം ഒന്നിനു മുൻപും ശേഷവുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ അന്തരമാണുള്ളത്. തീർത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സർക്കാരിന്റേത്. എന്നാൽ, ഈ സൗകര്യം പരമാവധി ചൂഷണം ചെയ്യാനാണ് ശ്രമം. ഇത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം വിമർശിച്ചു.

റോഡ്, കുടിവെള്ളം, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ വലിയ അലംഭാവമാണ് കാട്ടുന്നത്. ഇടത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദേവസ്വം മന്ത്രി, ബോർഡ് പ്രസിഡന്റ്, കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ക്യാംപ് ചെയ്തു സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിൽ നിന്നു പിന്തുണ ലഭിക്കുന്നില്ലെങ്കിലും തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിൽ നഗരസഭാ ഭരണസമിതി ഉണർന്നു പ്രവർത്തിക്കുകയാണ്. ക്ഷേത്രത്തിലേക്ക് അനുവദിച്ചിട്ടുള്ള അന്നദാന ഫണ്ട് അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.