തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സ്വർണ്ണം ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുന്നത്. ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക് നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും. സ്വർണാഭരണങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവ് (എംപിസിഇ) കേരളത്തിലാണ്. അതേസമയം, രാജ്യത്തിന്റെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്.
ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് സംസ്ഥാനത്ത് സ്വർണ്ണ വില നിശ്ചയിക്കുന്നത്.

