അടിമുടി മാറാന്‍ ജി-മെയില്‍

പൂര്‍ണമായും പുതിയ ഡിസൈനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. ഈ മാസം തൊട്ട് പുതിയ ഇന്റര്‍ഫേസില്‍ മാത്രമേ ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകൂ.

ഗൂഗിളിന്റെ ജി-മെയില്‍, ചാറ്റ്, സ്‌പേസസ്, മീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ഇന്റര്‍ഫേസ് തയാറായിട്ടുള്ളത്. വിന്‍ഡോയുടെ ഇടതുവശത്ത് സ്റ്റാന്‍ഡേഡ് സെറ്റിങ്‌സ് ആയി ഇതു ലഭ്യമാകും. ഇതോടൊപ്പം ജി-മെയില്‍ മാത്രമായോ, അല്ലെങ്കില്‍ മറ്റുള്ളവയ്‌ക്കൊപ്പമോ ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്തുവയ്ക്കാനുമാകും.

വിവിധ ആപ്ലിക്കേഷനുകളിലേക്ക് വെവ്വേറെ സ്വിച്ച് ചെയ്യുകയോ ടാബുകളും വിന്‍ഡോകളും മാറുകയോ ചെയ്യുന്നതിനു പകരം എല്ലാം ഒറ്റയടിക്ക് ലഭ്യമാക്കാനാകും. ഇതുവഴി സമയനഷ്ടം ഒഴിവാക്കാനാകും. അതിനുമപ്പുറം കൂടുതല്‍ ഉപയോക്തൃസൗഹാര്‍ദപരവുമാകും. ഈ വര്‍ഷം ആദ്യത്തില്‍ തന്നെ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പഴയ ഇന്റര്‍ഫേസില്‍ തുടരാന്‍ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. എന്നാല്‍, ഇനിമുതല്‍ പഴയതിലേക്ക് മാറാനാകില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.