തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ഡോ ജോസഫ് സ്‌കറിയ. വിധിയിൽ സന്തോഷമുണ്ടെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.
വ്യക്തിപരമായല്ല വിധിയെ കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയ്ക്ക് വിധി ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഒരു വർഷം നീണ്ട നിയമപോരാട്ടം ആയിരുന്നു ഇത്. ഈ കാലയളവിൽ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്‌ക്രൂട്ടിനി കമ്മിറ്റി ഇവ എങ്ങനെയാണ് അധ്യാപന പരിചയമായി കണക്കാക്കിയതെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ പരിചയസമ്പത്ത് വേണമെന്നും കോടതി അറിയിച്ചു.
നല്ല അധ്യാപകർ മെഴുകുതിരികളെ പോലെ പ്രകാശിക്കേണ്ടതുണ്ട്. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കില്ല. പിഎച്ച്ഡി ഗവേഷണം ഫെല്ലോഷിപ്പോടെയാണ് നടത്തിയത്. ഈ സമയത്ത് ഡെപ്യൂട്ടേഷനിലാണെന്നും ഇക്കാലയളവിൽ അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

