ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി കോൺഗ്രസ്; നിരാശയില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കി കോൺഗ്രസ്. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതിൽ നിരാശയില്ലെന്ന് തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്.

ഡിസംബർ ഒന്ന് അഞ്ച് തീയതികളിലാണ് ഗുജറാത്തിൽ തെരഞ്ഞൈടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പോളിംഗ്. ഗുതറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാൽപതംഗ താരപ്രചാരകരുടെ പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ താരപ്രചാരക പട്ടികയിലുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂർ നിരസിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തരൂരിനെ കോൺഗ്രസ് ഉൾപ്പെടുത്തിയിട്ടില്ല.