ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കാനുള്ള നിയമനിർമാണം; ബിൽ കൊണ്ടു വരുന്നത് സാമ്പത്തിക ബാധ്യത പരിശോധിച്ച ശേഷം

തിരുവനന്തപുരം: ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ച് മന്ത്രിസഭ. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കാനുള്ള നിയമനിർമാണം ലക്ഷ്യമിട്ടാണ് നിയമസഭാ സമ്മേളനം ചേരുന്നത്. സഭ വിളിക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്യുന്നതോടെ, ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് അപ്രസക്തമാകും.

കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭയാണ് ഓർഡനൻസ് അംഗീകരിച്ചത്. ഗവർണർ ഡൽഹിയിലേക്ക് പോയ ശേഷമാണ് ഓർഡിനൻസ് രാജ്ഭവനിൽ എത്തിച്ചത്. ആ ഓർഡിനൻസ് ഗവർണർ ഇതുവരെ പരിശോധിച്ചിട്ടില്ല.

ഗവർണർക്കു പകരം ചാൻസലർ സ്ഥാനത്തു വിവിധ മേഖലകളിലെ പ്രഗൽഭരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യത പരിശോധിച്ച ശേഷമായിരിക്കും നിയമസഭയിൽ ബിൽ കൊണ്ടു വരുന്നത്. തമിഴ്നാട്, ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി പഠിച്ചു നിർദേശങ്ങൾ നൽകാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.