ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല; സർക്കാർ ഹർജിക്കെതിരെ ഡോ സിസ തോമസ്

കൊച്ചി: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല താത്ക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ ഡോ. സിസ തോമസ്. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ലെന്നാണ് സിസി തോമസ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും സിസ കോടതിയിൽ സത്യവാങ്മൂലം നൽകി.

പ്രൊഫസർ ആയി 13 വർഷം അടക്കം മുപ്പത്തൊന്നര വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. വി സി ആകാൻ തനിക്ക് യോഗ്യതയുണ്ട്. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സിസ തോമസ് ആവശ്യപ്പെട്ടു. ചുമതലയേറ്റെടുക്കാൻ എത്തിയപ്പോൾ സർവകലാശാല ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുമുണ്ടായ എതിർപ്പും പ്രതിഷേധവും സിസ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യശദമാക്കിയിട്ടുണ്ട്.

കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകിയിരിക്കുകയാണ്. നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റ് അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.