വാഴ്‌സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്ന് സ്ഥിരീകരണം. പോളണ്ടിൽ പതിച്ച മിസൈൽ യുക്രെയ്ൻ സേനയുടെതാണെന്നാണ് പോളണ്ടും നാറ്റോയും വ്യക്തമാക്കിയിട്ടുള്ളത്. റഷ്യൻ നിർമിത മിസൈലാണ് പതിച്ചതെന്നായിരുന്നു നേരത്തെയുണ്ടായിരുന്നു ആരോപണം. തുടർന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്‌സയിലെ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
അതേസമയം, യുക്രൈൻ മിസൈലാണു പതിച്ചതെങ്കിലും റഷ്യയാണ് യഥാർഥ കുറ്റക്കാരെന്നാണ് നാറ്റോ മേധാവി വ്യക്തമാക്കുന്നത്. റഷ്യയാണ് യുക്രൈൻ സേനയ്ക്കു നേരെ ആദ്യം ആക്രമണം നടത്തിയതെന്നും പൂർണ ഉത്തരവാദിത്തം റഷ്യക്കാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് കുറ്റപ്പെടുത്തി. യുക്രൈന് എതിരായ അനധികൃത യുദ്ധം റഷ്യ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിന്റെ പ്രദേശത്ത് മിസൈൽ പതിച്ചത്. രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രൈൻ അയച്ച മിസൈലുകളാണ് പോളണ്ടിൽ പതിച്ചതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

