ഖത്തര്‍ ലോകകപ്പ്: മത്സരം വീക്ഷിക്കാന്‍ യുഎഇ ഒരുക്കിയത് പതിനൊന്ന് മെഗാസ്‌ക്രീനുകള്‍

അബുദാബി: ഖത്തര്‍ ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ പതിനൊന്ന് മെഗാസ്‌ക്രീനുകള്‍ ഒരുക്കി യുഎഇ. 330 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൂറ്റന്‍ സ്‌ക്രീനുകളാണ് കായിക പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ദുബായ് ഹാര്‍ബര്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ക്കുളള മെഗാസ്‌ക്രീന്‍ തയ്യാറാക്കിയത്. പതിനായിരം കാണികളെ ഉള്‍ക്കൊള്ളുന്നതരത്തിലാണ് ദുബായ് ഹാര്‍ബര്‍ സജ്ജമാക്കിയിട്ടുള്ളത്. ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം വിശ്രമവേളകളില്‍ കാണികള്‍ക്ക് ആസ്വദിക്കാന്‍ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ജുമൈരയിലെ ഹില്‍ട്ടണ്‍ ഹോട്ടലും ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സജ്ജമാക്കിയിട്ടുണ്ട്. ദുബായ് സ്‌പോര്‍ട്‌സ് സിറ്റി ദ സ്‌ക്വയര്‍ ഐഎഎസ്ഡി 5000 പേരെ ഉള്‍ക്കൊള്ളും വിധം സജ്ജമാക്കിയിട്ടുണ്ട്. ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്റര്‍ ജബല്‍ അലിയിലെ സോള്‍ ബീച്ച് എന്നിവിടങ്ങളും മെഗാസ്‌ക്രീനുമായി യുഎഇ ലോകകപ്പ് കാണികളെ വരവേല്‍ക്കും.

ദുബായ് എക്‌സ്‌പോ സിറ്റിയിലും മെഗാസ്‌ക്രീനില്‍ ലോകകപ്പ് മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ട്. അല്‍വസല്‍ ഗ്രൗണ്ടിലും ജൂബിലി പാര്‍ക്കിലുമായി പതിനായിരം പേര്‍ക്കിരുന്ന് കളികാണാവുന്ന വിധമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. കുടുംബമായി കളികാണാന്‍ എത്തുന്നവര്‍ക്ക് ഒന്നിച്ചിരുന്ന് കളികാണാനുള്ള സൗകര്യവും എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. ബാരാസിറ്റി ബീച്ച്, സോഹോ ഗാര്‍ഡന്‍, ബുര്‍ജുല്‍ അറബ്, ഇബ്‌നു ബത്തൂത്തമാള്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അവന്യൂ എന്നിവിടങ്ങളും ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിന് മെഗാസ്‌ക്രീന്‍ സജ്ജമാക്കിയിട്ടുണ്ട്.