ആരോഗ്യമുള്ള ജീവിതത്തിന് നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് ചൂട് വെള്ളം കുടിക്കുന്നതാണോ പച്ചവെള്ളം കുടിക്കുന്നതാണോ നല്ലതെന്ന സംശയം പലർക്കുമുണ്ട്.
ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ താപനില നിയന്ത്രണത്തിലാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും. സമാധാനപരമായ ഉറക്കം നിലനിർത്താനും ഇത് സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ ജലദൗർലഭ്യം ഉണ്ടെങ്കിൽ അത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഉറക്ക-ഉണർവ് ചക്രത്തെയും ബാധിക്കാനിടയുണ്ട്. എന്നാൽ ഉറങ്ങുന്നതിന് തൊട്ട് മുൻപ് അമിതമായി വെള്ളം കുടിക്കുന്നതും അത്ര നല്ലതല്ല.
രാത്രിയിലെ നിർജ്ജലീകരണം ഒഴിവാക്കാൻ പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളം മാത്രമല്ല എന്ത് പാനീയമാണെങ്കിലും രണ്ട് മണിക്കൂർ മുൻപ് കുടിക്കണം.
ഉറങ്ങുന്നതിനു മുൻപ് ചൂട് വെള്ളം കുടിച്ചാൽ രാത്രി മുഴുവൻ നിങ്ങളെ ജലാംശം നിലനിർത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. വയറുവേദന അല്ലെങ്കിൽ മലബന്ധം ലഘൂകരിക്കാനും ഇത് ഗുണം ചെയ്യും. രക്തയോട്ടം മെച്ചപ്പെടുത്താനും ചൂട് വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്.

