സിനിമയെന്ന മാധ്യമത്തില്‍ ചലച്ചിത്ര നിരൂപകര്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. വിവാദമായതിനാല്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി മേനോന്‍.
അഞ്ജലി മേനോന്റെ കുറിപ്പ്
ചലച്ചിത്ര നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള അറിവ് പ്രൊഫഷണല്‍ ഫിലിം റിവ്യൂവിംഗിന് എങ്ങനെ ഗുണകരമാവുമെന്നാണ് ഞാന്‍ പറഞ്ഞത്. ചലച്ചിത്ര മാധ്യമ പ്രവര്‍ത്തക ഉദയ താര നായരുടെ റിവ്യൂവിംഗ് രീതിയെ ഞാന്‍ ഉദാഹരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകര്‍ തന്നെ കൌതുകകരവും വിശദവുമായ നിരൂപണങ്ങള്‍ എഴുതുന്ന സമയത്ത് പ്രൊഫഷണല്‍ നിരൂപകര്‍ അതിനും മേലെ ലക്ഷ്യം വെക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും എക്കാലവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കാണുന്ന സിനിമയെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്കായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണന്നാണ് ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. ഇന്റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാനാണ് ഈ കുറിപ്പ്. നന്ദി

