പൊന്നിയിന്‍ സെല്‍വന്‍-2 എന്ന്? റിലീസ് തിയ്യതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്‌

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയായ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളിലായാണ് മണി രത്‌നം വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്.

ചിത്രം 2023 ഏപ്രില്‍ 20 ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്ന് ചിത്രത്തിന്റെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഇതിനടുത്ത മറ്റൊരു തീയതിയാണ് ഇപ്പോള്‍ പറയുന്നത്. ചിത്രം 2023 ഏപ്രില്‍ 28 ന് എത്താനാണ് ഏറ്റവും സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.