കത്തിലെ കാര്യങ്ങൾ മാദ്ധ്യമങ്ങളുടെ ഭാവനാ സൃഷ്ടി; വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെ സുധാകരൻ

കണ്ണൂർ: കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധതയറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിൽ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി കെ സുധാകരൻ. ഇത്തരത്തിലുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരിൽ ഇപ്പോൾ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങൾ മാദ്ധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാദ്ധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്. ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. ഇതിൽ നിന്ന് തന്നെ സാമാന്യം ബോധമുള്ള എല്ലാവർക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തകർച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം ഒരു വാർത്തയുടെ ബുദ്ധികേന്ദ്രം. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം ഇത്തരമൊരു വാർത്തയ്ക്ക് പിറകിലുണ്ട്. അത്തരം കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവർത്തകർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.