പറവൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി കെ സുധാകരന്റെ വിശദീകരണം സ്വീകരിക്കും. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും നാക്കുപിഴ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത് കേന്ദ്ര നേതൃത്വം ഉൾപ്പെടെ അംഗീകരിച്ചതാണെന്നും വി ഡി സതീശൻ വിശദമാക്കി.
കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെതിരായ സമരങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
അതേസമയം, കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

