‘ഖേദ പ്രകടനം കൊണ്ടായില്ല, സുധാകരന്‍ തിരുത്തണം’: കെ. മുരളീധരന്‍

തിരുവനന്തപുരം: ആര്‍എസ്എസിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ കെ. സുധാകരന്‍ തിരുത്തണമെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു.

കെ. മുരളീധരന്റെ വാക്കുകള്‍

‘ഖേദ പ്രകടനം കൊണ്ടായില്ല. ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ വേണം. ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ അനുചിതമാണ്. നെഹ്റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാല്‍ പാര്‍ട്ടിയുടെ ശബ്ദമാണ്. നെഹ്‌റു ഒരിക്കലും ആര്‍എസ്എസിനോട് സന്ധി ചെയ്തിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്‌റു മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യിക്കുന്നത് നെഹ്‌റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനാല്‍ ഈ പ്രസ്താവന കോണ്‍ഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാര്‍ട്ടി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷന്‍ എന്നിരിക്കെ സുധാകരന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. ലീഗുമായി ചര്‍ച്ച ചെയ്ത് അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റി യുഡിഎഫ് ശക്തമായി മുന്നോട്ട് പോകണം. ഈ രണ്ടാഴ്ചകളായി നടത്തിയ പ്രസ്താവനകള്‍ യുഡിഎഫിന് ക്ഷീണമായി. യാഥാര്‍ത്ഥ്യങ്ങളെ കാണാതിരുന്നുകൂട. സുധാകരന്റെ പരാമര്‍ശങ്ങള്‍ നിക്ഷ്പക്ഷമതികള്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനോടുള്ള മതിപ്പില്‍ കോട്ടമുണ്ടാക്കിയിട്ടുണ്ട്.’