തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരായി ഇടതുമുന്നണി നടത്തുന്ന രാജ്ഭവന് പ്രതിഷേധ മാര്‍ച്ച് രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് ആരംഭിച്ചത്. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രാഷ്ട്രീയ സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം ആയിരങ്ങള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. പ്രതിഷേധകൂട്ടായ്മ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണയുമായി പ്രതിഷേധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളില്‍ വൈകിട്ട് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മകളും ചേരും.
അതേസമയം, ‘കേരളത്തിലേത് അസാധാരണമായ സാഹചര്യമാണെന്നും വ്യക്തികള്‍ക്കെതിരെയല്ല, നയങ്ങള്‍ക്കെതിരെയാണ് സമരമെന്നും യെച്ചൂരി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതിഷേധം. ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണ്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുകയാണ്. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാള്‍, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റം. ഗവര്‍ണര്‍ ചാന്‍സലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ ചില കോടതി വിധികള്‍ സംസ്ഥാന നിയമങ്ങള്‍ക്ക് എതിരെയുണ്ടായി. യുജിസി മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്’- യെച്ചൂരി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
പ്രതിഷേധകുട്ടായ്മയില്‍ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗീസ് ജോര്‍ജ്, രാമചന്ദ്രന് കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേശ്കുമാര്‍, ബിനോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല.

