കെ. സുധാകരന്റെ വിവാദ പ്രസ്താവന; ലീഗ് നിസാരമായി കാണുന്നില്ലെന്ന് പി.എം.എ സലാം

മലപ്പുറം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ ആര്‍ എസ് എസ്-നെഹ്റു പ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി എം എ സലാം രംഗത്ത്. ‘അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയത്. ബി ജെ പിയുമായി സഖ്യമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇക്കാരണത്താലാണ് മുസ്ലീം ലീഗ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ല. ഇത്തരത്തിലെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണ്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുധാകരന്റെ വിവാദ പ്രസ്താവനയില്‍ മുന്നണിയെ അതൃപ്തി അറിയിച്ചതായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം എം കെ മുനീര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. വാക്കുപിഴയെന്ന വിശദീകരണം അംഗീകരിക്കണമോയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. ലീഗ് മുന്നണി വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണ്. മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായെന്നായിരുന്നു കണ്ണൂരിലെ നവോത്ഥാന സദസില്‍ വച്ച് കെ സുധാകരന്റെ പ്രസ്താവന. എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നതെന്നും മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.