മുംബൈ: ലോകജനസംഖ്യ ഇന്ന് 800 കോടിയെത്തിയെന്ന് റിപ്പോര്‍ട്ട്. 2022-ലെ ഐക്യരാഷ്ട്ര സഭയുടെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് സൂചിപ്പിക്കുന്നത്.
അതേസമം, അടുത്തവര്‍ഷം ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
2050 വരെയുള്ള ജനസംഖ്യാവളര്‍ച്ചാ അനുമാനത്തില്‍ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. 2030-ല്‍ ലോകജനസംഖ്യ 850 കോടിയും 2050-ല്‍ 970 കോടിയുമെത്തിയേക്കാം. 2080-കളില്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

