മില്‍മ പാല്‍ വില 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് രണ്ടംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചു.

മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി വ്യക്കമാക്കുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു.

അതേസമയം, ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.