തിരുവനന്തപുരം: ഗവര്‍ണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇടതുപക്ഷം. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാനത്തെ ക്യാമ്ബസുകളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നതിന് പിന്നാലെയാണ് രാജ്ഭവന് മുന്നില്‍ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടേയും സര്‍വ്വകലാശാലകളുടേയും അധികാരം തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാര്‍ കണ്ടെത്തിയ വഴി ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കുന്ന ആര്‍എസ്എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് നിലവില്‍ കേരള ഗവര്‍ണറെന്നും സിപിഎം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പാസാക്കുന്ന ബില്ലുകള്‍ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുക എന്നതായിരുന്നു ഗവര്‍ണറുടെ നിലപാട്. ആര്‍എസ്എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതില്‍ താന്‍ വിദഗ്ദനാണെന്ന് തെളിയിച്ച് പുതിയ സ്ഥാനങ്ങള്‍ നേടാനുള്ള പ്രകടനങ്ങളാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

