തിരുവനന്തപുരം: റെക്കോർഡ് നേട്ടം കരസ്ഥമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി മറികടന്നത്. 1970 ഒക്ടോബർ നാല് മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ ഭരണത്തിലിരുന്നത്.
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 2016 മേയ് 25-നാണ്. 2022 നവംബർ 14-ന് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ തന്റെ 2364-ാം ദിനത്തിലെത്തി. രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തുടർച്ചയോടെയാണ് പിണറായി വിജയൻ രണ്ട് സർക്കാരുകളുടെ ഭാഗമായി തുടർച്ചയായി ഇത്രയും ദിവസം തികച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേർത്താണ് അദ്ദേഹം ഇത്രയും ദിവസം തുടർച്ചയായി കേരളം ഭരിച്ചത്.
2021-ലാണ് 99 സീറ്റുകളുമായി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. പിണറായി വിജയൻ രണ്ട് തവണയും ധർമടത്ത് നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചത്.

