കോഴിക്കോട്: ആര്‍എസ്എസിന് അനുകൂലമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി മുനീര്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചു കൊണ്ടാണ് സുധാകരനെതിരെ നടപടി വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
‘കെ സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലിംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. സുധാകരന്റെ പരാമര്‍ശം വളരെ നേരിട്ട് ആയിപ്പോയി. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന് നല്‍കരുതായിരുന്നു. മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇത്. ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കാണ്. ആര്‍എസ്എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും. പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയരുത്. മുന്നണിയിലും പാര്‍ട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്’- മുനീര്‍ വ്യക്തമാക്കി.
അതേസമയം, ആര്‍എസ്എസ് ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആളെ വിട്ടുനല്‍കി സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന് പറഞ്ഞത്. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവശകാശങ്ങള്‍ തകരാതിരിക്കാന്‍ വേണ്ടി ജനാധിപത്യ വിശാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

