‘ഓപ്പറേഷന്‍ താമര’: തെലങ്കാന പോലീസ് കൊച്ചിയില്‍

കൊച്ചി: ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയില്‍ ഒളിവിലാണെന്ന വിവരത്തെ തുടര്‍ന്ന് തെലങ്കാന പോലീസ് കൊച്ചിയില്‍. നല്‍ഗോണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെ നടപടികള്‍. സ്വാമിയുമായി ബന്ധപ്പെട്ട് എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ തെലങ്കാന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തുഷാര്‍ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസില്‍ കൊച്ചിയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തും. കേരള പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ റെയ്ഡ് നടപടികള്‍ നടക്കുക.

അതേസമയം, സ്വാമിയുമായ ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനകളും തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അന്വേഷണവും തിങ്കളാഴ്ച നടക്കും. ഇ്ന്നലെ മുതല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിലാണ് തെലങ്കാന എസ്.എ.ടി സംഘം റെയ്ഡ് നടത്തിയത്.