തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സാമ്പത്തിക നയം സംബന്ധിച്ച് തന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദന്റെ നിലപാട് തള്ളി തോമസ് ഐസക് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്റെ സാമ്പത്തിക നയത്തിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോപകുമാറിന്റെ അഭിപ്രായത്തെ പൂർണ്ണമായി തള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്നണിയും പാർട്ടിയുമാണ് ഇടത് സർക്കാരിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഗോപകുമാർ മുകുന്ദൻ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം…യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം… ഇതായിരുന്നു ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

